തെന്നിന്ത്യൻ നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരേ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരിയും പ്രശസ്ത നടിയുമായ രാധ. ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെടുക്കാൻ ഇരുവരും ശ്രമിച്ചെന്നു ചെന്നൈ സിറ്റി പൊലിസ് കമ്മീഷണർക്കു നൽകിയ പരാതിയിൽ രാധ പറയുന്നു.
ബിസിനസ് ആവശ്യങ്ങൾക്കായി ചെന്നൈയിലെ വസതിയിൽ ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ബ്ലാങ്ക് ചെക്കുകളാണു താൻ സ്ഥലത്തില്ലാതിരുന്നപ്പോൾ വീട്ടിൽനിന്നു മോഷ്ടിക്കപ്പെട്ടതെന്നു രാധ പരാതിയിൽ വ്യക്തമാക്കുന്നു. ഐഡിബിഐ ബാങ്ക് അക്കൗണ്ടിന്റെ ഒപ്പിട്ട അഞ്ച് ചെക്കുകൾ അംബികയുടെ പേരിൽ പണമാക്കാൻ ബാങ്കിൽ നൽകി. സെപ്റ്റംബർ 17-നാണ് സംഭവം. ബാങ്കിൽനിന്നു വിവരമറിയിച്ചതിനെത്തുടർന്ന് ഉടൻ തന്നെ പണം കൈമാറുന്നതു തടയാൻ രാധ ബാങ്കിനു നിർദേശം നൽകുകയായിരുന്നു.
മല്ലികാർജുനനാണു ചെക്കുകൾ പൂരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. ഇതിനു പുറമെ തനിക്ക് അവകാശപ്പെട്ട കുടുംബസ്വത്തിലേക്കു പ്രവേശിക്കുന്നതിൽനിന്നും അവിടെ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളും പ്രമാണങ്ങളും എടുക്കുന്നതിൽനിന്നും ഇരുവരും തന്നെ തടയുന്നതായും രാധ ആരോപിക്കുന്നുണ്ട്. വർഷങ്ങളായി നിലനിൽക്കുന്ന കുടുംബസ്വത്ത് തർക്കങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ പുതിയ സാമ്പത്തിക തട്ടിപ്പ് ആരോപണവും പുറത്തുവന്നിരിക്കുന്നത്. രാധ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.